നൈല്‍നദിക്കരയിലെ മുല്ലപ്പൂ വിപ്ലവം

ഡോ. കെ കെ ഉസ്‌മാന്‍

സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം ഈജിപ്‌തിന്റെ സര്‍വാധിപതിയും അജയ്യനും
അഹങ്കാരിയുമായിരുന്ന ഫറോവ ചക്രവര്‍ത്തിയുടെ മുഖത്തുനോക്കിക്കൊണ്ട്‌
ഒരിടിമുഴക്കത്തിന്റെ ശബ്‌ദഗാംഭീര്യത്തോടെ ഒരാള്‍ കല്‌പിച്ചു: ``എന്റെ ജനതയ്‌ക്കു
സ്വാതന്ത്ര്യം നല്‍കുക.'' പ്രവാചകവര്യനായ മൂസാ(അ)യുടെ ആജ്ഞയായിരുന്നു
അത്‌. അടിമത്വ
നുകത്തിനു കീഴില്‍ കൊടും യാതനകളും പീഡനമുറകളും അനുഭവിച്ചുകൊണ്ടിരുന്ന വലിയൊരു
ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള
ചരിത്രത്തിലെ തന്നെ ആദ്യ വിപ്ലവകാഹളമായിരുന്നു മൂസാനബിയിലൂടെ നാം കേട്ടത്‌.
`സംസ്‌കൃതിയുടെ കളിത്തൊട്ടില്‍' എന്നു വിശേഷിപ്പിക്കാറുള്ള ഈജിപ്‌തിന്റെ
തെരുവുകളില്‍ സഹസ്രാബ്‌ദങ്ങള്‍ക്കപ്പുറം ഒരഗ്നിപര്‍വതത്തിന്റെ വന്‍ വിസ്‌ഫോടനം
കണക്കെ ഉയര്‍ന്ന സമരധ്വനിയുടെ പ്രകമ്പനം ഏതാനും ദിവസങ്ങളായി
ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്‌; കൃത്യമായി പറഞ്ഞാല്‍ ജനുവരി ഇരുപത്തഞ്ചാം തിയ്യതി
മുതല്‍. വര്‍ഷങ്ങളായി, ഈജിപ്‌ത്‌ ജനതയുടെ നെഞ്ചില്‍ പുകഞ്ഞുകൊണ്ടിരുന്ന
പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും പകയുടെയും ബാഹ്യപ്രകടനത്തിന്റെ നാളുകള്‍.
ഈജിപ്‌ത്‌ ദേശത്ത്‌ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്കിനെതിരെ അലയടിച്ചുകൊണ്ടിരിക്കുന്ന
പ്രതിഷേധ പ്രകടനങ്ങള്‍ക്ക്‌ `രോഷത്തിന്റെ ദിനരാത്രങ്ങള്‍' (Days of Rage) എന്നു
തന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌. ഈജിപ്‌തിന്റെ പുത്തന്‍ ഫറോവയായ ഹുസ്‌നി മുബാറക്‌
പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക, രാഷ്‌ട്രീയ, ദേശീയ, അന്തര്‍ദേശീയ നയങ്ങളോടുള്ള
കടുത്ത അതൃപ്‌തിയും അമര്‍ഷവും ജനത്തെ സര്‍ക്കാറിനെതിരായ സമരത്തില്‍
തെരുവിലിറക്കാനുള്ള പ്രേരണയായി. കൂടാതെ, മറ്റൊരു സ്വേച്ഛാധിപതിയുടെ ഭരണകൂടത്തെ ഒരു
ബഹുജനസമരത്തിലൂടെ അട്ടിമറിച്ച തുനീഷ്യന്‍ മാതൃക അവര്‍ക്കൊരു പ്രചോദനമായി.
മുപ്പതോളം
വര്‍ഷകാലം ഒരേകാധിപതിയായി തന്നെ വാഴിക്കാനായി മുബാറക്‌ മുന്‍കയ്യെടുത്തു
പടച്ചുണ്ടാക്കിയ നാഷണല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (എന്‍ ഡി പി) ആസ്ഥാനവും,
ആഭ്യന്തരമന്ത്രാലയവും, അമേരിക്കന്‍ സ്ഥാനപതി മന്ദിരവും
സ്ഥിതിചെയ്യുന്നതിനടുത്താണ്‌
കയ്‌റോ നഗരത്തിന്റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന തഹ്‌രീര്‍ മൈതാനം.
പ്രതിഷേധത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തഹ്‌രീര്‍ ജനം കയ്യടക്കിയിരിക്കുകയാണ്‌.
ദിനരാത്രങ്ങളില്‍ സമരസജ്ജരായ ജനങ്ങളുടെ ഇരമ്പല്‍ അവിടെ
മാറ്റൊലികൊണ്ടുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ലക്ഷക്കണക്കിനു പേരാണ്‌
ഹുസ്‌നി മുബാറക്കിനെതിരായ മുദ്രാവാക്യങ്ങളും പ്ലെക്കാര്‍ഡുകളുമേന്തി അവിടെ ഒരു
മനുഷ്യമഹാസമുദ്രം പോലെ തടിച്ചുകൂടിയത്‌.

ജനക്കൂട്ടത്തില്‍ ചെറുപ്പക്കാരും, വൃദ്ധജനങ്ങളും, കുട്ടികളും സ്‌ത്രീകളും
അണിനിരന്നിരുന്നു. ഈജിപ്‌ഷ്യന്‍ ജനതയുടെ ഒരുപരിഛേദം. ഹിജാബണിഞ്ഞ നൂറുകണക്കിന്‌
സ്‌ത്രീകളുടെ വന്‍നിര കൗതുകമുണര്‍ത്തി. മുസ്‌ലിം സമൂഹങ്ങളില്‍ സ്‌ത്രീകള്‍
കൂട്ടിലടച്ച പക്ഷികളെ പോലെയാണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ നിരന്തരമായ
ദുഷ്‌പ്രചാരണത്തെ തുറന്നുകാട്ടുന്നതായിരുന്നു ടി വി സ്‌ക്രീനില്‍ തെളിഞ്ഞ ആ
ദൃശ്യങ്ങള്‍. അവരെല്ലാം ഏക സ്വരത്തില്‍ മുഷ്‌ടി ചുരുട്ടി ആധുനിക ഫറോവയോട്‌
ഉച്ചത്തില്‍ കല്‌പിച്ചു: `സ്വാതന്ത്ര്യം, അത്‌ ഞങ്ങളുടെ ജന്മാവകാശം.'

ജാസ്‌മിന്‍ റവല്യൂഷന്‍
ഈയിടെ തുനീഷ്യയില്‍ നടന്ന `ജാസ്‌മിന്‍ വിപ്ലവ'മാണ്‌ ഈജിപ്‌തിലെ വിമോചനസമരത്തിനു
ഉത്തേജനം നല്‍കിയത്‌. തുനീഷ്യയുടെ ദേശീയ പുഷ്‌പമാണ്‌ ജാസ്‌മിന്‍ (മുല്ലപ്പൂവ്‌).
നിസ്സാരസംഭവമെന്നു തോന്നാവുന്ന ഒന്നില്‍ നിന്നാണ്‌ ജാസ്‌മിന്‍ റവല്യൂഷന്‍
തുടങ്ങുന്നത്‌. അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും കൊണ്ടു
വീര്‍പ്പുമുട്ടുകയായിരുന്നു തുനീഷ്യ. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും
പാടെ നിഷേധിക്കപ്പെട്ട ആ ജനതക്ക്‌. രണ്ട്‌ പതിറ്റാണ്ടിലേറെയായി ചാട്ടവാറു ചുഴറ്റി
ദേശം അടച്ചുവാഴുകയായിരുന്നു പ്രസിഡന്റ്‌ സൈനുല്‍ അബ്‌ദീന്‍ ബിന്‍ അലി. തനിക്കും
കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും ആശ്രിതര്‍ക്കും രാഷ്‌ട്രഭണ്ഡാരം എന്നും
തുറന്നുകൊടുക്കുന്ന സുഖലോലുപനായ ഭരണകര്‍ത്താവ്‌. പാശ്ചാത്ത രാജ്യങ്ങളില്‍
നിന്നുള്ള
ഉല്ലാസയാത്രികരെക്കൊണ്ടും ബിക്‌നി ധരിച്ച സുന്ദരികള്‍ പാറി നടക്കുന്ന
ബീച്ചുകള്‍കൊണ്ടും നിരനിരയായ ബാറുകള്‍ കൊണ്ടും അദ്ദേഹം തുനീഷ്യയുടെ മുഖം
`അലങ്കരിച്ചു.' അതേസമയം തുനീഷ്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍
ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മൂലം വീര്‍പ്പുമുട്ടുകയായിരുന്നു.

തുനീഷ്യയിലെ ബൗസീദ്‌ എന്ന ചെറുപട്ടണത്തില്‍ നിന്നാണ്‌ ഇന്ന്‌ അറബ്‌
ലോകത്തെ ഒട്ടാകെ
വിറപ്പിച്ചുകൊണ്ടിരിക്കുന്ന `മുല്ലപ്പൂവിപ്ലവ'ത്തിനു തുടക്കമിട്ടത്‌. തെരുവോരത്ത്‌
പഴക്കച്ചവടം നടത്തുന്ന ഇരുപത്താറുകാരന്‍ മുഹമ്മദ്‌ ബൊവസീസി.
കമ്പ്യൂട്ടര്‍ സയന്‍സ്‌
ബിരുദധാരിയെങ്കിലും തൊഴിലില്ലായ്‌മയുടെ ഇര. എട്ടംഗ കുടുംബത്തിന്റെ ഏക ആശ്രയം.
പഴക്കച്ചവടം നടത്താന്‍ മുനിസിപ്പാലിറ്റിയുടെ ലൈസന്‍സില്ലാത്തതു മൂലം നിത്യേന
എന്നവിധം അയാളെ ഉദ്യോഗസ്ഥന്മാര്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ക്ക്‌ കൈക്കൂലി
വേണം. സഹികെട്ട ബൊവസീസിക്ക്‌ ഒരു ദിവസം കൈക്കൂലി ആവശ്യപ്പെട്ട ഒരു
പെണ്‍പോലീസിനോട്‌
അല്‌പം ധിക്കാരത്തോടെ സംസാരിക്കേണ്ടതായി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ,
പോലീസുകാരി
യുവാവിന്റെ കരണത്തൊരടി കൊടുത്തു. ചുറ്റും ജനം കൂടി, വലിയ മാനക്കോടായി.
ബൊവസീസി നേരെ
പ്രാദേശിക ഗവര്‍ണറുടെ ഓഫീസിലെത്തി. മേലുദ്യോഗസ്ഥനോട്‌ പരാതിപ്പെടാന്‍. അനുമതി
നിഷേധിക്കപ്പെട്ട യുവാവ്‌ ഭീഷണി മുഴക്കി. താന്‍ ആത്മഹൂതി നടത്തുമെന്ന്‌.
ആരും അയാളെ
ഗൗനിച്ചില്ല. നിരാശനും വികാരവിവശനുമായി ബൊവസീസി ആ ദിവസം പഴക്കച്ചവടത്തില്‍ നിന്ന്‌
പിരിഞ്ഞുകിട്ടിയ പൈസ കൊണ്ട്‌ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി ദേഹത്ത്‌ ഒഴിച്ചു തീ
കൊളുത്തി. ഡിസംബര്‍ 17നായിരുന്നു ഈ ദാരുണ സംഭവം. കാട്ടുതീ പോലെ തുനീഷ്യയിലെങ്ങും ഈ
വാര്‍ത്ത പരന്നു. പ്രതിഷേധത്തിന്റെയും വികാരപ്രകടനങ്ങളുടെയും നാളുകളായിരുന്നു
പിന്നീട്‌. തുനീഷ്യയുടെ തലസ്ഥാന നഗരിയായ തുനീസിലായിരുന്നു വിപ്ലവാവേശത്തിന്റെ
പ്രഭവകേന്ദ്രം. ജനരോഷത്തിന്റെ കാഠിന്യം കുറയ്‌ക്കാന്‍ ബിന്‍ അലി നടത്തിയ
താല്‍ക്കാലിക തന്ത്രങ്ങള്‍ കൊണ്ടൊന്നും ജനങ്ങള്‍ തൃപ്‌തരായില്ല. ഭരണയന്ത്രത്തിന്റെ
സമൂല മാറ്റമായിരുന്നു അവരുടെ ആവശ്യം. ബിന്‍ അലിയുടെ അടുത്ത ബന്ധുക്കളുടെ ആഡംബര
മന്ദിരങ്ങള്‍ അവര്‍ അടിച്ചുതകര്‍ത്തു. കലാപത്തില്‍ 290ലധികം തുനീഷ്യക്കാര്‍
കൊല്ലപ്പെട്ടതായാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ കണക്ക്‌.

ഭരണഭീകരതക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ മുഹമ്മദ്‌ ബൊവാസീസി ഉയര്‍ത്തിയ
പ്രതിഷേധാഗ്നി അറബ്‌ ലോകത്തെയാകെ ഗ്രസിക്കാവുന്ന വന്‍ കാട്ടുതീയായി ഇന്ന്‌
പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അല്‍ജീരിയയില്‍, ജോര്‍ദാനില്‍, യെമനില്‍ ഇപ്പോഴിതാ
ഈജിപ്‌തിലും.

മുല്ലപ്പൂ പരിമളം ഈജിപ്‌തിലേക്കും
ആധുനിക കാലഘട്ടത്തില്‍, അറബ്‌ രാഷ്‌ട്രീയ ഗതികളെയും ഇസ്‌ലാമിക ലോകത്തെ ബൗദ്ധിക
ചലനങ്ങളെയും ഏറെ സ്വാധീനിക്കുന്ന ഈജിപ്‌തില്‍ തുനീഷ്യയില്‍ വിരിഞ്ഞ മുല്ലപ്പൂ
പരിമളം ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണ്‌. നവോത്ഥാനത്തിനായുള്ള ഒരു കാഹളധ്വനിയായി
മാറിയിരിക്കുന്നു അത്‌. മാറ്റത്തിനായുള്ള ഈ പടപ്പുറപ്പാട്‌ അന്തര്‍ദേശീയ തലത്തില്‍
ചിലര്‍ക്ക്‌ പ്രത്യാശയും മറ്റു ചിലര്‍ക്ക്‌ ആശങ്കയുമുളവാക്കുന്നു.

അമേരിക്ക നേതൃത്വം കൊടുക്കുന്ന പാശ്ചാത്യരാഷ്‌ട്രീയ കുട്ടുകെട്ടിനും ഭീഷണിക്കും
മുമ്പില്‍ തലകുനിക്കാത്ത ഒരറബി നേതാവായിരുന്നു ജമാല്‍ അബ്‌ദുന്നാസര്‍. 1952-53
കാലയളവുകളില്‍ ഈജിപ്‌തില്‍ രാജഭരണം അവസാനിക്കുകയും ഫറൂക്‌ രാജാവ്‌ നാടുവിടുകയും
ചെയ്‌തതിനെ തുടര്‍ന്ന്‌ അധികാരമേറ്റെടുത്ത ജനറല്‍ മുഹമ്മദ്‌ നജീബ്‌ രാജിവെച്ച
ഒഴിവിലാണ്‌ കേണല്‍ നാസര്‍ ഈജിപ്‌തിന്റെ പ്രസിഡന്റായി അധികാരമേറ്റത്‌. 1956 ജൂണ്‍
മാസത്തിലാണ്‌ ഈ അധികാര കൈമാറ്റമുണ്ടായത്‌. പാശ്ചാത്യ സാമ്രാജ്യ ശക്തികളെ
വെല്ലുവിളിച്ചുകൊണ്ട്‌ എണ്ണ ഒഴുക്കിന്റെ ഗതിനിയന്ത്രിക്കുന്ന സൂയസ്‌ കനാല്‍
അബ്‌ദുന്നാസര്‍ ദേശസാത്‌കരിച്ചു. 1956 ജൂലൈ 26നായിരുന്നു ലോകശ്രദ്ധ നേടിയ ഈ നാടകീയ
രംഗങ്ങള്‍ അരങ്ങേറിയത്‌. ഫലസ്‌തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പശ്ചാത്യ
താല്‌പര്യങ്ങളുടെ സംരക്ഷകനും കാവലാളുമായ ഇസ്‌റാഈലിനെതിരെ ധീരമായ രാഷ്‌ട്രീയ സൈനിക
നടപടികള്‍ കൈക്കൊള്ളാനുമുള്ള ആര്‍ജവം അബ്‌ദുന്നാസര്‍ കാട്ടുകയുണ്ടായി. അറബ്‌
ദേശീയതയുടെ വക്താവു കൂടിയായ ജമാല്‍ അബ്‌ദുന്നാസറിനെ പറ്റി മുസ്‌ലിം ലോകത്ത്‌
ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി, ഫലസ്‌തീന്‍ പ്രശ്‌നത്തില്‍
അദ്ദേഹം കാണിച്ച ഐക്യദാര്‍ഢ്യതയും പാശ്ചാത്യശക്തികള്‍ക്കെതിരായ നിലപാടും
ശ്ലാഘനീയമായിരുന്നു. ആധുനിക മധ്യേഷ്യന്‍ സംഘര്‍ഷചരിത്രത്തില്‍ പാശ്ചാത്യ
അച്ചുതണ്ടിനെതിരെ ചങ്കൂറ്റം കാട്ടിയ മറ്റൊരു അറബ്‌ നേതാവു കൂടിയുണ്ട്‌. 1973ല്‍
നടന്ന ഈജിപ്‌ത്‌-ഇസ്‌റാഈല്‍ യുദ്ധകാലഘട്ടത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍
രാജ്യങ്ങളുടെയും ജീവരക്തമായ പെട്രോളിയത്തിന്റെ വിപണനത്തിനു
വിലക്കേര്‍പ്പെടുത്താന്‍
നേതൃത്വം നല്‍കിയ സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവ്‌. 1970 സപ്‌തംബറില്‍
ഹൃദയാഘാതത്തെ
തുടര്‍ന്ന്‌ ജമാല്‍ അബ്‌ദുന്നാസര്‍ മരണമടഞ്ഞപ്പോള്‍ അന്‍വര്‍ അല്‍സാദത്ത്‌
ഈജിപ്‌തിലെ ഭരണാധികാരം ഏറ്റെടുത്തു. 1981ല്‍ അപമൃത്യുവിന്നിരയാകും വരെ സാദത്ത്‌
ഈജിപ്‌തിന്റെ പ്രസിഡന്റായി തുടര്‍ന്നു.

ജമാല്‍ അബ്‌ദുന്നാസര്‍ പിന്തുടര്‍ന്നിരുന്ന രാഷ്‌ട്രീയ ദിശക്കു മാറ്റം വരുത്തിയത്‌
അന്‍വര്‍ സാദത്താണ്‌. അന്തര്‍ദേശീയ നയത്തിലും ഇസ്‌റാഈലിനോടുള്ള നിലപാടിലും
ഫലസ്‌ത്വീന്‍ പ്രശ്‌നത്തിലുള്ള പ്രതിബദ്ധതയിലും കാതലായ മാറ്റം പ്രകടമായിരുന്നു.
ശീതയുദ്ധ അന്തരീക്ഷത്തില്‍ സോവിയറ്റ്‌ യൂണിയന്റെയും ചേരിചേരാ രാഷ്‌ട്രങ്ങളുടെയും
കൂടെ അന്തര്‍ദേശീയ നയങ്ങള്‍ പങ്കിട്ടിരുന്ന ഈജിപ്‌ത്‌ മെല്ലെ മെല്ലെ
അമേരിക്കയുടെയും മറ്റു പശ്ചാത്യശക്തികളുടെയും കുടക്കീഴില്‍ ചേക്കേറുകയായിരുന്നു.
1973 ഒക്‌ടോബറില്‍ ഉണ്ടായ യുദ്ധത്തില്‍ വളരെ ഗൂഢവും തന്ത്രപരവുമായ നീക്കത്തിലൂടെ
ഇസ്‌റാഈലി അധിനിവേശ പ്രദേശമായിരുന്ന സീനായിയുടെ കുറെ പ്രദേശങ്ങള്‍
തിരിച്ചുപിടിക്കാന്‍ ഈജിപ്‌ഷ്യന്‍ സേനക്കു കഴിഞ്ഞുവെന്നത്‌ ഒരു പക്ഷേ
ഇസ്‌റാഈലിനെതിരായ ആദ്യത്തെ സൈനിക വിജയമാണെന്നു പറയാം. എന്നാല്‍, സാദത്തിനു
അതിനുമപ്പുറം ഒരുദ്ദേശ്യമുണ്ടായിരുന്നുവെന്നു വേണം കരുതാന്‍.

ഇസ്‌റാഈലിനെതിരായ നിരന്തരമായ പടപ്പുറപ്പാടിനു എക്കാലവും നേതൃത്വവും ഊര്‍ജവും
നല്‍കിയിരുന്നത്‌ ജനസംഖ്യ കൊണ്ടും സൈനികശക്തി കൊണ്ടും മുന്‍പന്തിയിലായിരുന്ന
ഈജിപ്‌തായിരുന്നു. കൊടുംപിഡനമനുഭവിക്കുന്ന, നാടും കൂടും വിട്ടലയുന്ന ഫലസത്വീന്‍
ജനതയ്‌ക്ക്‌ എക്കാലത്തെയും അത്താണിയായിരുന്നു നാസറിന്റെ ഈജിപ്‌ത്‌. ചരിത്രപരമായ ആ
ഉത്തരവാദിത്തത്തില്‍ നിന്ന്‌ മെല്ലെ തലയൂരാനുള്ള ശ്രമത്തിലായിരുന്നു അന്‍വര്‍
അല്‍സാദത്ത്‌
ഈ ഗൂഢ അജണ്ടയുടെ ഭാഗമായിട്ടാണ്‌ അന്‍വര്‍ സാദത്ത്‌ 1977ല്‍ `ശാന്തിയാത്ര'യുടെ
ഭാഗമായി ഇസ്‌റാഈലും തുടര്‍ന്ന്‌ അമേരിക്കയും സന്ദര്‍ശിച്ചത്‌. മാനവിക
മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും ലോക സമാധാനത്തിനും പ്രാമുഖ്യം കല്‌പിക്കുന്ന
ജിമ്മി കാര്‍ട്ടറായിരുന്നു അക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റ്‌. ഫലസ്‌ത്വീന്‍
പ്രശ്‌നത്തിന്‌ നീതിയുക്തവും പ്രായോഗികവുമായ ഒരു പരിഹാരം കണ്ടെത്തണമെന്നു
കാര്‍ട്ടര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാന്‍. പില്‍ക്കാലത്ത്‌
അദ്ദേഹമെഴുതിയ ലേഖനങ്ങളും പ്രസ്‌താവനകളും ഗ്രന്ഥങ്ങളും ഈ നിഗമനത്തെ ശരിവെക്കുന്നു.
(ഉദാഹരണം: Peace not Apartheid) എന്നാല്‍ ഇക്കാര്യത്തിലുള്ള അന്‍വര്‍ സാദത്തിന്റെ
ആത്മാര്‍ഥത ചോദ്യം ചെയ്യുന്നവരുണ്ട്‌. `ഫലസ്‌തീന്‍ പ്രശ്‌നം' എന്ന
ഊരാക്കുടുക്കില്‍
നിന്നും തന്ത്രപരമായി ഈജിപ്‌തിനെ ഒഴിവാക്കാനുള്ള സാദത്തിന്റെ ആസൂത്രിത പദ്ധതിയുടെ
ഭാഗമല്ലേ ഇസ്‌റാഈലുമായുള്ള (ജിമ്മി കാര്‍ട്ടറിന്റെ കാര്‍മികത്വത്തില്‍) സമാധാന
കരാര്‍ എന്നും സംശയിക്കുന്നവരുണ്ട്‌. ഏതായാലും, ഈ തത്രപ്പാടിന്റെ പരിണത
ഫലമായിരുന്നു 1970 സപ്‌തംബര്‍ 17-ാം തിയ്യതി അമേരിക്കന്‍ പ്രസിഡന്റിനെ സാക്ഷിയായി
ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ അന്‍വര്‍ സാദത്തും ഇസ്‌റാഈല്‍ പ്രധാനമന്ത്രി മെനാഖം
ബെഗനും ചേര്‍ന്നു ഒപ്പുവെച്ച ക്യാംപ്‌ ഡേവിഡ്‌ സന്ധി. ഫലസ്‌ത്വീന്‍ പ്രശ്‌ന
പരിഹാരത്തിനു നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ ഇസ്‌റാഈല്‍ ഇന്നും പാലിച്ചിട്ടില്ല
എന്നതു മറ്റൊരു വസ്‌തുത. 1978ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സാദത്തു ബെഗനും
കൂട്ടായി പങ്കിട്ടു എന്നതു ചരിത്രത്തിലെ ഹാസ്യാത്മകമായ ഒരു സംഭവം.

ക്യാമ്പ്‌ ഡേവിഡ്‌ സമാധാന കരാറിന്റെ പേരില്‍ 1978 ലെ നോബല്‍ സമ്മാനം പങ്കിട്ട
അന്നത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായിരുന്ന മെനാഖം ബെഗിന്റെ ഒരു ഹ്രസ്വചരിത്രം
രേഖപ്പെടുത്തട്ടെ: ലബനാനിലും ഫലസ്‌ത്വീന്‍ അധിനിവേശ പ്രദേശങ്ങളിലും രൂക്ഷ
സംഘട്ടനങ്ങളും മനുഷ്യക്കുരുതികളും നടന്നുകൊണ്ടിരുന്ന കാലത്ത്‌ മെനാഖം ബെഗില്‍
ഇസ്‌റാഈല്‍ പ്രധാമന്ത്രിയായിരുന്നു. അക്കാലത്തുതന്നെയാണ്‌ ലബനാനില്‍ ഇരച്ചുകയറിയ
ഇസ്‌റാഈല്‍ സേനയുടെ മേല്‍നോട്ടത്തില്‍ സാബ്ര, ശാത്വില എന്നീ ഫലസ്‌ത്വീന്‍
അഭയാര്‍ഥി
ക്യാമ്പിലെ കുട്ടികളും സ്‌ത്രീകളും വൃദ്ധന്മാരുമടങ്ങിയ നിരായുധരായ മൂവായിരത്തോളം
ഫലസ്‌ത്വീനികളെ വെടിവെച്ചും അരിഞ്ഞും കൊന്നുതീര്‍ത്തത്‌. മെനാഖം ബെഗിന്‍ ഇരുപതാം
വയസ്സില്‍ സിയോണിസത്തിന്റെ വിളി കേട്ട ആളാണ്‌. ഫലസ്‌തീനില്‍ ചേക്കേറിയ, ലോകത്തെ
മുഴുവന്‍ വെറുപ്പോടെ നോക്കിക്കണ്ട ഒരു ദൃഢകായന്‍. ഫലസ്‌തീനില്‍ എത്തിയശേഷം
`ഇര്‍ഗ്വിന്‍' എന്ന ഒരു ഭീകരസംഘടന അദ്ദേഹം സ്ഥാപിച്ചു. സംഘടനയുടെ പ്രധാന അജണ്ട,
പത്തു ശതമാനത്തില്‍ താഴെ മാത്രം അന്നു ജനസംഖ്യയുള്ള ജൂതരെ ഭൂരിപക്ഷ സമുദായമാക്കി
മാറ്റുക എന്നതായിരുന്നു. അതിന്റെ ഭാഗമായി `നാടിന്റെ മക്കളായ' ഫലസ്‌തീനികളെ
ഭീഷണിപ്പെടുത്തിയും വധിച്ചും ആ പ്രദേശങ്ങളില്‍ നിന്നു പലായനം
ചെയ്യിക്കുക. ഈ ദൗത്യം
അദ്ദേഹവും അദ്ദേഹം രൂപംകൊടുത്ത ഭീകരസംഘടനയും വളരെ സ്‌തുത്യര്‍ഹമായി തന്നെ
നിര്‍വഹിച്ചു. അതിനുദാഹരണമാണ്‌ യാസീന്‍ എന്ന കൊച്ചു ഫലസ്‌ത്വീന്‍ ഗ്രാമം.
പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ വേലക്കു പോയ പട്ടാപ്പകല്‍ സമയം ബെഗിന്റെ നേരിട്ടുള്ള
മേല്‍നോട്ടത്തില്‍ സംഘത്തിലെ ഭീകരര്‍ ഗ്രാമത്തിലെ എല്ലാ സ്‌ത്രീജനങ്ങളെയും
കുട്ടികളെയും നിര്‍ദയം കശാപ്പു ചെയ്‌തു. മൊത്തം മുന്നൂറോളം പേര്‍. ഇദ്ദേഹം
തന്നെയാണ്‌ നോബല്‍ സമാധാന പുരസ്‌കാരം പങ്കിട്ടെടുത്ത, ഇസ്‌റാഈലീന്റെ പ്രധാനമന്ത്രി
മെനാഖം ബെഗിന്‍!!

ക്യാമ്പ്‌ ഡേവിഡ്‌ കരാര്‍ ഒപ്പിട്ടതോടു കൂടി അന്‍വര്‍ സാദത്തിന്‌
പാശ്ചാത്യലോകത്തും
ഇസ്‌റാഈലിലും ഒരു ഹീറോയുടെ പരിവേഷം ചാര്‍ത്തിക്കിട്ടി. എന്നാല്‍ അറബ്‌ ലോകത്ത്‌
പൊതുവെയും ഈജിപ്‌തില്‍ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രതിച്ഛായക്കു വലിയ
മങ്ങലേറ്റു. ഫലസ്‌ത്വീന്‍ പ്രശ്‌നത്തോടും ഇസ്‌റാഈലിനോടുമുള്ള നയം മാറ്റത്തിനെതിരെ
വ്യാപകമായ പ്രതിഷേധമുയര്‍ന്നു. എതിര്‍പ്പുകള്‍ നേരിടാനുള്ള ശക്തമായ നടപടികള്‍
രാഷ്‌ട്രീയാന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കി. സകല വിധ സുരക്ഷിതത്വ
സംവിധാനങ്ങളുമുള്ള സ്വാതന്ത്ര്യദിന പരേഡ്‌ വീക്ഷിച്ചുകൊണ്ടിരുന്ന അന്‍വര്‍
സാദത്തിനെ മൂന്നാള്‍ സൈനിക സംഘം വളരെ ആസൂത്രിതവും നാടകീയവുമായ രീതിയില്‍
വെടിവെച്ചു
കൊലപ്പെടുത്തി. 1981ലെ സാദത്തിന്റെ അതിദാരുണമായ അന്ത്യത്തെ തുടര്‍ന്ന്‌ ഹുസ്‌നി
മുബാറക്‌ ഈജിപ്‌തിന്റെ പ്രസിഡന്റു പദവി ഏറ്റെടുത്തു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി
മുബാറക്‌ ഈജിപ്‌തിന്റെ പ്രസിഡന്റായി തുടരുന്നു. ഒരു പ്രഹസനം കണക്കെ പ്രസിഡന്റ്‌
സ്ഥാനത്തേക്ക്‌ റഫണ്ടം നടത്തും. മിക്കപ്പോഴും എതിര്‍
സ്ഥാനാര്‍ഥികളുണ്ടായിരിക്കുകയില്ല. മുസ്‌ലിം ബ്രദര്‍ഹുഡ്‌ പോലുള്ള പ്രതിപക്ഷ
കക്ഷികളെയും നേതാക്കളെയും പ്രതിയോഗികളെയും ബലം പ്രയോഗിച്ചും തടവറയിലിട്ടും ഒരു
സ്വേച്ഛാധിപതി ഒരു ചക്രവര്‍ത്തി കണക്കെ വാണരുളുന്നു.
അഴിമതിയും തൊഴിലില്ലായ്‌മയും ധൂര്‍ത്തും ഭരണ സിരാകേന്ദ്രങ്ങളില്‍ അനുദിനം
വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എട്ടു കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തില്‍ ആളോഹരി
വരുമാനം വെറും ഒരു ഡോളറില്‍ (നാല്‍പതു രൂപ) താഴെയാണ്‌. ഒന്നേകാല്‍ കോടിയോളം
മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന തലസ്ഥാന നഗരിയായ കയ്‌റോവില്‍ പരമദരിദ്രരും
ചേരിനിവാസികളും ലക്ഷക്കണക്കിന്‌. അന്‍വര്‍ സാദത്ത്‌ ഒപ്പിട്ട ക്യാംപ്‌ ഡേവിഡ്‌
കരാറിനെക്കുറിച്ചും നിരാലംബരായ ഫലസ്‌ത്വീനികളെക്കുറിച്ചുമുള്ള നീറുന്ന ചിന്ത
ചാരത്തില്‍ പുതച്ച ഒരു തീക്കനല്‍ പോലെ പലരുടെയും മനസ്സില്‍ കെട്ടടങ്ങാതെ
കിടക്കുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഈജിപ്‌തില്‍ നടക്കുന്ന സംഭവ
വികാസങ്ങള്‍ ഏറെ
ഭയപ്പെടുത്തുന്നത്‌ ഇസ്‌റാഈലീ ഭരണകൂടത്തെയാണ്‌.

മാറ്റത്തിന്റെ ചുഴലിക്കാറ്റ്‌
ഈജിപ്‌തില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വിമോചന പ്രസ്ഥാനം വിജയിക്കുമോ അതല്ല
സാവാധാനം കെട്ടടങ്ങുമോ എന്നു പ്രവചിക്കാന്‍ നിര്‍വഹാമില്ല. ദിനേനയെന്നോണം
രാഷ്‌ട്രീയ സ്ഥിതിഗതികള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കയാണവിടെ. ഏതായാലും ഒരു കാര്യം
സുനിശ്ചിതമാണ്‌. ഇന്നു ഈജിപ്‌തിനെ ഒരു ചുഴലിക്കാറ്റു പോലെ വലയം ചെയ്‌തിരിക്കുന്ന
വിമോചനസമരം ശാന്തമായാല്‍ കൂടി, തുനീഷ്യയില്‍ നിന്നടിച്ച `മുല്ലപ്പൂവിപ്ലവ'ത്തിന്റെ
പരിമളം ഒരു കൊടുങ്കാറ്റിന്റെ രൂപത്തില്‍ ഭരണ സിരാകേന്ദ്രങ്ങളുടെ കോട്ടകൊത്തളങ്ങളും
താഴികക്കുടങ്ങളും തകര്‍ത്തു തരിപ്പണമാക്കാതിരിക്കുകയില്ല. ഈജിപ്‌തിന്റെ മുകളില്‍
കാര്‍മേഘങ്ങള്‍ കനക്കും; ദിവസങ്ങളോളം പേമാരി തിമര്‍ത്തുപെയ്യും; നൈല്‍ നദി
ചുവക്കും, ഒടുവില്‍.... ഒടുവില്‍ എല്ലാ ആധുനിക ഫറോവമാരും ചെങ്കടലില്‍ ജീവനോടെ
മുങ്ങിത്താഴും. ആ ദിനം അത്ര വിദൂരമല്ല.