إِقْرَأْ വായിക്കുക ... بِاسْمِ رَبِّكَ الّذِي خَلَقَ നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ خَلَقَ الإِنْسَانَ مِنْ عَلَقٍ രക്ത പിണ്ടത്താല് അവന് മനുഷ്യനെ സൃഷ്ടിച്ചു. إَقْرَأْ വായിക്കുക... وَرَبُّكَ الأَكْرَم الّذِي عَلَّمَ بِالْقَلَمِ ُ തൂലിക കൊണ്ട് പഠിപ്പിച്ച നിന്റെ നാഥന് അത്യുദാരനാകുന്നു. عَلَّمَ الإِنْسَانَ مَالَمْ يَعْلَمْ അവന് മനുഷ്യനെ അറിയാത്തത്പഠിപ്പിച്ചു...
യുവശക്തിയുടെ അപ്രതിരോധ്യ മുന്നേറ്റം
തുനീഷ്യയില്‍നിന്ന് തുടങ്ങി ഈജിപ്തിനെ ഇളക്കിമറിച്ച് ഇപ്പോള്‍ യമന്‍, ലിബിയ, ജോര്‍ഡന്‍, സിറിയ, ഇറാന്‍ പോലുള്ള അറബ്-മുസ്‌ലിം രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊടുങ്കാറ്റുപോലെ ആഞ്ഞുവീശുന്ന ജനകീയ പ്രക്ഷോഭങ്ങളെ വിശകലനം ചെയ്യുമ്പോള്‍ പ്രഥമ ദൃഷ്ട്യാ വ്യക്തമാവുന്ന സത്യം, 18-30 പ്രായമായ യുവാക്കളാണ് അവയുടെ ചാലകശക്തി എന്നുള്ളതാണ്. അവരില്‍ സ്ത്രീയും പുരുഷനും മുസ്‌ലിമും ക്രിസ്ത്യാനിയും സുന്നിയും ശിയായും വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും മധ്യപക്ഷക്കാരനും മുതലാളിയും തൊഴിലാളിയും ഡോക്ടറും എന്‍ജിനീയറും വക്കീലും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എല്ലാമുണ്ട്. ഏതെങ്കിലും പാര്‍ട്ടിയോ പ്രസ്ഥാനമോ മതസംഘടനയോ നേതാവോ പണ്ഡിതനോ അല്ല ജനക്കൂട്ടങ്ങളെ നയിക്കുന്നത്. ജനങ്ങളുടെ അവിശ്വസനീയമായ ഉയിര്‍ത്തെഴുന്നേല്‍പ് പൊടുന്നനെ യാഥാര്‍ഥ്യമായി കണ്‍മുമ്പാകെ പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പതിറ്റാണ്ടുകളോളമായി ദാഹിച്ചുവലഞ്ഞ പാര്‍ട്ടികളും സംഘടനകളുമൊക്കെ അപ്രതിരോധ്യമായ പ്രവാഹത്തിന്റെ ഭാഗമാവുകയായിരുന്നു. തദ്ഫലമായി, പിടിച്ചുനില്‍ക്കാന്‍ ബലപ്രയോഗമടക്കം പതിനെട്ടടവും പയറ്റിയ മൂത്തുനരച്ച സ്വേച്ഛാധിപതികള്‍ ഒടുവില്‍ നിന്ദ്യരും നിസ്സഹായരുമായി കീഴടങ്ങേണ്ടി വരുകയായിരുന്നു. തുനീഷ്യന്‍ ഏകാധിപതി ബിന്‍ അലിയും ഈജിപ്ഷ്യന്‍ സര്‍വാധിപതി ഹുസ്‌നി മുബാറക്കും തളര്‍ന്നുവീണ് മരണത്തോട് മല്ലടിക്കുകയാണെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. താന്തോന്നിത്തത്തിന്റെ ആള്‍രൂപമായ ലിബിയന്‍ ഭരണാധിപന്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെയും മറ്റു സ്വേച്ഛാധിപതികളുടെയും രക്തരൂഷിത ചെറുത്തുനില്‍പ് ഇനിയെത്രനാള്‍ എന്നേ നോക്കാനുള്ളൂ. എന്തായാലും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ചവിട്ടിമെതിച്ചുകൊണ്ട് ഖജനാവിനെയും രാജ്യത്തെയും കുടുംബ സ്വത്താക്കി മാറ്റിയ അധികാരി വര്‍ഗത്തിന് സ്വേച്ഛാവാഴ്ച ഇനി അധികനാള്‍ തുടരാനാവില്ല എന്ന് ഉറപ്പായിരിക്കുന്നു. അവരെവെച്ച് നാളിതുവരെ കുഞ്ചിരാമന്‍ കളിപ്പിച്ചിരുന്ന സാമ്രാജ്യ ശക്തികളും സയണിസ്റ്റുകളും ആകെ അങ്കലാപ്പിലാണ്.
മാനവിക ചരിത്രം കരിങ്കല്ലില്‍ കൊത്തിവെക്കാന്‍ പോവുന്ന അഭൂതപൂര്‍വമായ ഈ വിപ്ലവത്തിന്റെ പ്രണേതാക്കളും വിധാതാക്കളും യുവജനങ്ങളാണെന്നതാണ് ലോകം ഉള്‍ക്കൊള്ളേണ്ട ഒന്നാമത്തെ പാഠം. ട്വിറ്റര്‍, ഫേസ്ബുക് തുടങ്ങി അത്യാധുനിക വിവര സാങ്കേതികത സമ്മാനിച്ച സമസ്ത സാധ്യതകളെയും പ്രയോജനപ്പെടുത്തി, നിഷ്ഠുരമായ മാധ്യമ സ്വാതന്ത്ര്യ നിഷേധത്തെ മറികടന്ന് വിപ്ലവാഹ്വാനം മുഴക്കിയ യുവാക്കള്‍, എത്ര സമഗ്രവും സൂക്ഷ്മവുമായ അരാഷ്ട്രീയവത്കരണത്തെയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കാനാവുമെന്ന് തെളിയിച്ചിരിക്കുന്നു. സാമ്പ്രദായിക അച്ചടി മാധ്യമങ്ങളും ചാനലുകളും നിക്ഷിപ്ത താല്‍പര്യങ്ങളുടെ തടവറയില്‍ വെറും ലാഭചേതക്കണക്കുകളില്‍ അഭിരമിച്ചുകൊണ്ടിരുന്നപ്പോള്‍, അരുതായ്മകള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടാനും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനും വേറെ വഴിനോക്കണമെന്ന് അനുഭവം അവരെ പഠിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്റെ ജഡരൂപങ്ങള്‍ നിലനിന്ന രാജ്യങ്ങളില്‍ ബാലറ്റു പേപ്പറിന് പീറക്കടലാസിന്റെ വിലപോലുമില്ലെന്നും യുവാക്കള്‍ തിരിച്ചറിയുകയുണ്ടായി. കരയുന്ന കുഞ്ഞുങ്ങള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നപോലെ, പന്തും കോര്‍ട്ടും ക്ലബും പണവും കൊടുത്ത് ഫുട്ബാള്‍ ജ്വരം വളര്‍ത്തി യുവസമൂഹത്തെ നിര്‍വീര്യരും നിഷ്‌ക്രിയരുമാക്കുകയായിരുന്നു ഭരണാധികാരികളുടെ തന്ത്രം. മസ്തിഷ്‌കത്തെ മരവിപ്പിച്ചു അധമവികാരങ്ങളെ ആവോളം ഉണര്‍ത്തുന്ന സിനിമയും ടെലിവിഷനും മദ്യവും മയക്കുമരുന്നും ഇസ്‌ലാമിന്റെ കളിത്തൊട്ടിലുകളില്‍ വരെ യഥേഷ്ടം ഒഴുക്കാന്‍ മതപുരോഹിതന്മാരുടെ മേലൊപ്പോടെ വാഴുന്നവര്‍ക്ക് അശേഷം മനസ്സാക്ഷിക്കുത്തുണ്ടായില്ല. എന്നെങ്കിലുമൊരു നാള്‍ മാറിച്ചിന്തിക്കുന്ന തലമുറകള്‍ പിറവിയെടുത്തുകൂടാ എന്ന ശാഠ്യമാണിതിന് പിന്നില്‍. പക്ഷേ, എല്ലാ കിനാവുകളെയും കണക്കുകൂട്ടലുകളെയും തകര്‍ത്തുകൊണ്ട് അറബ് യുവാക്കള്‍ തങ്ങളെ കെട്ടിവരിഞ്ഞ ചങ്ങലകള്‍ പൊട്ടിച്ച് ഏകാധിപതികള്‍ക്കെതിരെ ഒറ്റക്കെട്ടായി മുഷ്ടി ചുരുട്ടുന്നതും ആ മുഷ്ടിക്ക് മുമ്പില്‍ ദൈവത്തിന്റെയും ജനങ്ങളുടെയും ശത്രുക്കളായ അധികാരികള്‍ മുട്ടുമടക്കുക മാത്രമല്ല, മുഖംകുത്തി വീഴുന്നതുമാണ് ലോകം കാണുന്നത്.
തീര്‍ച്ചയായും ഇന്ത്യ ഉള്‍പ്പെടെ ലോകത്തിനാകെ ഈ സംഭവവികാസങ്ങളില്‍ പാഠമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്നും ഇവിടെ മാറ്റത്തിനുള്ള സാധ്യതകള്‍ തുറന്നുകിടക്കെ തെരുവിലിറങ്ങിയുള്ള മഹാ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും ആശ്വസിക്കുന്നവരുണ്ടാവും. പക്ഷേ, നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന്റെയും ക്രിമിനലിസത്തിന്റെയും പിടിയിലമര്‍ന്ന് ഊര്‍ധ്വന്‍ വലിക്കുകയും അഴിമതിയുടെ കരാള ഹസ്തങ്ങള്‍ ഭരണയന്ത്രത്തെയാകെ വരിഞ്ഞുമുറുക്കുകയും ചെയ്യുമ്പോള്‍ ആശ്വാസത്തിനെന്ത് സ്ഥാനമെന്ന് സഗൗരവം ആലോചിക്കണം. ഇന്ത്യയിലും ഏറ്റവും നിര്‍ണായക ശക്തി യുവജനങ്ങളുടേതാണ്. അവരെ പരമാവധി അരാഷ്ട്രീയവത്കരിക്കാനും സാമ്പത്തിക ദുര്‍മോഹങ്ങളില്‍ തളച്ചിടാനും ജഡിക വികാരങ്ങളുടെ അടിമകളാക്കാനുമാണ് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതെങ്കിലും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നടക്കുന്നതൊന്നും അവരറിയുന്നില്ലെന്ന് ധരിക്കുന്നത് മഹാ പോഴത്തമാവും. അണ്ടനും അടകോടനും നേതാവ് ചമഞ്ഞ് യുവാക്കളെക്കൊണ്ട് 'ലക്ഷം ലക്ഷം പിന്നാലെ' എന്ന് മുദ്രാവാക്യം വിളിപ്പിക്കുന്ന പതിവ് രീതി അധികകാലം നടപ്പില്ല. വയോധികരാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടികളുടെ അനുസരണയുള്ള കുഞ്ഞാടുകളാണ് യുവജന സംഘടനകളെന്ന ധാരണ തിരുത്താന്‍ നേരമായിരിക്കുന്നു. വിപ്ലവം ബാലറ്റിലൂടെയോ ബുള്ളറ്റിലൂടെയോ അല്ല യുവമുന്നേറ്റത്തിലൂടെയാണെന്ന പുതിയ പാഠം എല്ലാവരും പഠിച്ചേതീരൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)